ഇടുക്കി: രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ സ്ത്രീകളെ ഉപയോഗിച്ച് വ്യാജ പരാതികൾ നൽകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസംഗം വിവാദമാകുന്നു. ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സ്ത്രീവിരുദ്ധവും അങ്ങേയറ്റം ആക്ഷേപകരവുമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്.
രാഷ്ട്രീയ സംഘർഷങ്ങളുണ്ടായാൽ ഉടൻ തന്നെ മഹിളാ കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകൾ സ്വന്തം ബ്ലൗസ് വലിച്ചുകീറണമെന്ന് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സി.പി. മാത്യു പ്രസംഗത്തിൽ പറഞ്ഞു. "അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ ബാക്കി വകുപ്പ് നമുക്കറിയാം" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പ്രസംഗത്തിൽ ഒരു പഞ്ചായത്ത് മെമ്പറായ വനിതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അവർ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്നും, അത്തരമൊരു വിഭാഗത്തിൽപ്പെട്ട സ്ത്രീയെ ആക്രമിച്ചാൽ കേസ് ഏത് രീതിയിൽ മാറുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് വ്യാജ പരാതികൾ ചമയ്ക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ഉയരുന്ന ആരോപണം.
ശശി തരൂർ പങ്കെടുത്ത പരിപാടിക്കിടെ കോൺഗ്രസ് പ്രവർത്തകനെ പരസ്യമായി തല്ലിയതും, കാട്ടാനകളെ വെടിവെച്ച് കൊല്ലണമെന്ന് പറഞ്ഞതും ഉൾപ്പെടെ നിരവധി വിവാദങ്ങൾ സി.പി. മാത്യുവിനെതിരെ നേരത്തെയുണ്ട്. ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ എൽഡിഎഫ് രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന നേതാവിനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.